കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുണ്ട്.
ദേവരാജന്‍ മാസ്റ്ററുടെയും രവി ബോംബെയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. നടന്‍ മാമുക്കോയ അബൂബക്കറുടെ സഹപാഠിയായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ മാമുക്കോയ പറഞ്ഞതുകൊണ്ട് ടീച്ചര്‍ അബൂബക്കറെക്കൊണ്ട് പാടിച്ചിരുന്നു. ഇത് ബാബുരാജിന്റെ തബലിസ്റ്റായിരുന്ന ടി ഉസ്മാന്‍ കേള്‍ക്കാന്‍ ഇടയായി. അങ്ങനെ അബൂബക്കര്‍ ബാബുരാജിന്റെ ട്രൂപ്പിലേക്ക് എത്തപ്പെടുകയായിരുന്നു. ബാബുരാജിന്റെ ട്രൂപ്പിലൂടെയായിരുന്നു അബൂബക്കറുടെ സംഗീതലോകത്തെ അരങ്ങേറ്റം.
യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. സുജാത, എംജി ശ്രീകുമാര്‍, അഫ്‌സല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ അബൂബക്കറിന്റെ സംവിധാനത്തില്‍ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.
ഭാര്യ: കെ വി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം മാന്തോട്ടം കബർസ്ഥാനിൽ.
SUMMARY: Famous Mappilapat artist and tablaist of Kozhikode Abubakar passed away















