കൊച്ചി: സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ തകർച്ച. കേരളത്തിൽ രാവിലെ ഗ്രാമിന് 395 രൂപ ഇടിഞ്ഞ് വില 13,645 രൂപയായി. 3160 രൂപ കുറഞ്ഞ് 1,09,160 രൂപയാണ് പവൻവില.
ഇന്നലെ പവന് 1080 രൂപയുടെ വർധനവുണ്ടായി വില 1,12,320 ആയി ഉയർന്നിരുന്നു. തുടർച്ചയായി നാല് ദിവസം വില ഇടിഞ്ഞതിനു ശേഷമാണ് ഇന്നലെ ഉയർന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ന് വില കുത്തനെ ഇടിഞ്ഞത് സ്വർണവിപണിയിൽ ആശ്വാസം സൃഷ്ടിക്കുന്നുണ്ട്.
24 കാരറ്റിന് പവന് 1,19,088 രൂപയും ഗ്രാമിന് 14,886 രൂപയും 18 കാരറ്റിന് പവന് 89,312 രൂപയും ഗ്രാമിന് 11,164 രൂപയുമാണ് വില. വിവാഹ സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. നിലവിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ വാങ്ങാൻ 1,25, 000 രൂപയോളം ചിലവാകും.
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് പിന്നിൽ. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതും ക്രൂഡ് ഓയിൽ വിലവർധനയും സ്വർണവിലയെ ബാധിച്ചു. വെള്ളിക്കും വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് വില.
SUMMARY: Gold prices see a sharp decline in recent times; lowest price at Rs 3,160 per ounce
















