
ന്യൂഡൽഹി: ഇന്ത്യയെ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘എഐ മിഷൻ 2.0’ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 70 ബില്യൺ ഡോളറിന്റെ (ഏകദേശം 5.8 ലക്ഷം കോടി രൂപ) വൻ നിക്ഷേപം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
എഐ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ എഐ മിഷന്റെ ഒന്നാം ഘട്ടം അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതിന് പിന്നാലെ കൂടുതൽ സാമ്പത്തിക സഹായത്തോടെ മിഷൻ 2.0 ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് (ജിപിയു) ലഭ്യതയിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. 10,000 ജിപിയു ലക്ഷ്യമിട്ട സ്ഥാനത്ത് ഇപ്പോൾ 38,000 എണ്ണം വരെ എത്തിക്കാൻ മിഷന് സാധിച്ചു. ഐടി മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്ത്യ എഐ’ എന്ന സ്വതന്ത്ര വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മാർച്ചിൽ 10,371.92 കോടി രൂപയുടെ ബജറ്റോടെയാണ് ഇന്ത്യ എഐ മിഷന് തുടക്കമിട്ടത്.
ഫെബ്രുവരി 19, 20 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമിറ്റ്’ ഈ മേഖലയിലെ നിർണ്ണായക ചുവടുവെപ്പാകും. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ ആമൺ, അഡോബ് സിഇഒ ശാന്തനു നാരായൺ തുടങ്ങിയ ആഗോള സാങ്കേതിക പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. ഓപ്പൺ എഐ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.
SUMMARY: India is launching “AI Mission 2.0” following a $70 billion infrastructure investment to democratize AI access nationwide.














