ബെംഗളൂരു: പി.ജി. താമസകേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും പരിശോധിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 23 പി.ജി.കൾക്ക് നോട്ടീസ് നൽകി.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും, അടുക്കളയിലെ ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, ഉൽപ്പന്നങ്ങളിലെ നിർമാണ-കാലാവധി വിവരങ്ങൾ തുടങ്ങിയവയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. 12 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.
ചില പി.ജി.കളിൽ കാലാവധി കഴിഞ്ഞ തൈര്, ബിസിബെളെ ബാത്ത് പൊടി, അരിപൊടി, കൃത്രിമ ഭക്ഷ്യനിറം, കുരുമുളക്, ശരിയായ ലേബലില്ലാത്ത മിശ്രിതം തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവ നിയമപ്രകാരം പിടിച്ചെടുത്തു.
ബൊമ്മസന്ദ്രയിലെ ഒരു പി.ജി.യിൽ പരിശോധനയ്ക്കിടെ ഭക്ഷണം വിളമ്പുന്ന മേശയിൽ തന്നെ മൂട്ടകളെ നശിപ്പിക്കാനുള്ള പൊടി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കുടിവെള്ള സൗകര്യമുള്ള സ്ഥലത്ത് ഭക്ഷണവുമായി ബന്ധമില്ലാത്ത സാധനങ്ങളും സൂക്ഷിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങൾ കൂടി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിലെ ഭക്ഷണം വിളമ്പുന്ന ഭാഗം അടച്ചുപൂട്ടി.
ഭക്ഷ്യസുരക്ഷാ നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് പി.ജി. ഉടമകൾക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും വകുപ്പ് നിർദേശം നൽകി. ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയും ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുകയും അടുക്കളയിലും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിലും ശുചിത്വം ഉറപ്പാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
SUMMARY: Inspection of PG accommodation centres in Bengaluru: Notices issued to 23 establishments
















