തിരുവനന്തപുരം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍ കെ എസ് ഇ ബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസില്‍നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യും. സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് സർക്കാർ. സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് എൻജിനീയർക്ക് സസ്പെൻഷൻ.
ഈ സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദ്ദേശം നല്കി. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെ എസ് ഇ ബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കും.
ഈ സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ വൈദ്യുതി മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ഇക്കാര്യത്തിലുള്ള നിയമപരമായ പരിശോധന പൂർത്തിയാക്കുന്നതിന് ചീഫ് ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർക്ക് നിർദ്ദേശം നല്കി.
SUMMARY: Student dies after receiving electric shock from a stay wire; KSEB official suspended















