മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിനൊപ്പമാണ് കാരാട്ട് റസാഖ് പാണക്കാട്ട് എത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരാട്ട് റസാഖിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനായത് രാഷ്ട്രീയവിജയമായിട്ടാണ് ലീഗ് സംസ്ഥാന നേതൃത്വം കാണുന്നത്. യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിന്റെ പ്രചാരണ പരിപാടികളിൽ കരാട്ട് റസാഖ് പങ്കെടുക്കും. ഇടതുസഹയാത്രികനായ റസാഖ് മദ്രസ ബോർഡ് ചെയർമാനായിരുന്നു.
കൊടുവള്ളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പി.വി.അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
2016ൽ ലീഗിന്റെ എം.എ. റസാഖിനെ 573 വോട്ടുകൾക്കാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാൽ 2021 ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടു. സഹയാത്രികർക്ക് എൽഡിഎഫിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: Karat Razak returns to Muslim League; reaches Panakkad and accepts membership from Sadiqalitam
















