ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പൊതുജനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഹർദീപ് സിംഗ് പുരി അറിയിച്ചു. പൗരന്മാർ ശാന്തരായിരിക്കണമെന്നും കിംവദന്തികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും പുരി അഭ്യർഥിച്ചു.
ആഗോള സാഹചര്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും ഊർജ്ജം, വിതരണ ശൃംഖല, അത്യാവശ്യ സാധനങ്ങൾ എന്നിവയുടെ ലഭ്യത സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏത് വെല്ലുവിളികളെയും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള എണ്ണ, വാതക ക്ഷാമം കണക്കിലെടുത്ത് ഇന്ത്യയിലും നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം. എൽ പി ജി വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകളും നിലനിന്നിരുന്നു. എന്നാൽ ലോക്ക്ഡൗൺ സംബന്ധിച്ച വാർത്തകൾ പടച്ചുവിടുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
The global situation remains in flux, and we are closely monitoring developments across energy, supply chains, and essential commodities on a real-time basis.
Under the leadership of Hon’ble PM @narendramodi Ji, all necessary steps are being taken to ensure uninterrupted…
— Hardeep Singh Puri (@HardeepSPuri) March 27, 2026
ഈ ആഴ്ച ആദ്യം തന്നെ കേന്ദ്ര സർക്കാർ ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. പൊതുജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ നിയന്ത്രണം ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ ‘തയ്യാറെടുപ്പുകൾ’ എന്ന വാക്ക് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് പാനിക് ഉണ്ടാകാൻ കാരണമായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് ഭരണപരമായ മുൻകരുതലുകൾ എടുക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും അല്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
SUMMARY: Lockdown in India again? Union Minister refutes rumours















