ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി. ചെറുതും ഇടത്തരവുമായ ഭക്ഷണശാലകളാണ് കൂടുതലായും അടച്ചിട്ടത്. പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. ഹോട്ടലുകൾ അടഞ്ഞതോടെ ഓൺലൈൻ ഭക്ഷണവിതരണക്കാരും പ്രതിസന്ധിയിലായിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഭക്ഷണം നൽകുന്നതിനുള്ള ഓർഡറുകൾ എടുക്കുന്നത് നിർത്തിവെക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുകയാണ്. മെജസ്റ്റിക്, മഡിവാള പോലുള്ള പ്രദേശങ്ങളില്‍ മിക്ക ഹോട്ടലുകളും പൂട്ടിയ നിലയിലാണ്. ഇതുവരെ നഗരത്തിലെ കുറഞ്ഞത് 100 റസ്റ്റാറന്‍റ്കളിലെങ്കിലും എൽ.പി.ജി. സിലിണ്ടറുകൾ തീർന്നതായി നാഷനൽ റസ്റ്റാറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ബെംഗളൂരു ചാപ്റ്റർ മേധാവി അനന്ത് നാരായൺ പറഞ്ഞു.
ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് പാചകം മാറ്റിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധി കാരണം റസ്റ്റാറന്‍റ് ഉടമകള്‍ക്ക് പ്രതിദിനം 10,000 മുതൽ 50,000 രൂപ വരെ നഷ്ടമാണ് സംഭവിക്കുന്നത്.
അതേസമയം ഹോട്ടലുകളുടെ പ്രതിസന്ധി നീളുമെന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്.മുനിയപ്പ നൽകുന്ന സൂചന. സ്റ്റോക്കില്ലാ ത്തതിനാൽ വാണിജ്യ പാചകവാതക സിലിൻഡറുകൾ ഹോട്ടലുകൾക്ക് ലഭിക്കാൻ ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്നാണ് നിയമസഭയിൽ അറിയിച്ചത്. സിലിൻഡറുകൾ നൽകുന്നതിൽ ആശുപത്രികൾക്കും ഹോസ്റ്റലുകൾക്കും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങൾക്കുമാണ് മുൻഗണനയെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളോട് വൈദ്യുത അടുപ്പുകൾ ഉപയോഗിക്കാനും മന്ത്രി നിർദേശിച്ചു.
SUMMARY: LPG crisis; More hotels under threat of closure















