പാചകവാതക പ്രതിസന്ധിയിൽ ഇന്ത്യക്ക് പ്രത്യാശ; 93000 മെട്രിക് ടൺ എൽപിജിയുമായി മറ്റന്നാൾ ശിവാലികും നന്ദ ദേവിയും എത്തും

ന്യൂഡല്‍ഹി: എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്‍റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ പി ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. 92,700 മെട്രിക് ടൺ എൽ.പി.ജിയാണ് ഈ കപ്പലുകളിൽ ഇന്ത്യയിലേക്ക് എത്തുന്നത്. ശിവാലിക് മാർച്ച് 16നും നന്ദ ദേവി മാർച്ച് 17നും ഇന്ത്യൻ തീരം തൊടുമെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറി രാജേഷ് കുമാർ വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണായക തീരുമാനത്തിന് വഴിയൊരുങ്ങിയത്. ഇന്ത്യ-ഇറാൻ നയതന്ത്ര ബന്ധം പ്രാധാന്യമേറിയതാണെന്നും ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുമെന്നും ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തെ സൂചിപ്പിച്ചിരുന്നു.

ആഗോള എണ്ണയുടെയും കടൽമാർഗമുള്ള എൽ.എൻ.ജിയുടെയും 20 ശതമാനത്തോളം വ്യാപാരം ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. യു.എസിനോ സഖ്യകക്ഷികൾക്കോ ​​കടലിടുക്ക് അനുവദിക്കാൻ സാധ്യമല്ലെന്ന് ഇറാൻ പറഞ്ഞെങ്കിലും ഇന്ത്യക്ക് ഇളവ് അനുവദിക്കുകയായിരുന്നു.

കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽ പി ജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here