ബെംഗളൂരു: മൈസൂരുവില്‍ മലയാളി നിയമവിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. വയനാട് കമ്പളക്കാട് സ്വദേശിയായ മൈസൂരു ബന്നൂർ റോഡിലെ നടനഹള്ളി വിദ്യാവികാസ് ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാംവർഷ നിയമവിദ്യാർഥി മുഹമ്മദ് ഷബിനാസിനെയാണ് (21) ചൊവ്വാഴ്ച വൈകീട്ട് കാണാതായത്.
കാവേരിനദിയിൽ സുഹൃത്തുക്കൾക്കൊപ്പം വൈകീട്ട് മീൻപിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിൽവീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ഷബിനാസും പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രദേശവാസികളെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഷബിനാസിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Malayali law student missing in Kaveri river















