
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെൻഷൻകാരും, അവരുടെ ആശ്രിതരും ഉൾപ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും.
വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്കിയാല് മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവുമെന്ന് മന്ത്രി അറിയിച്ചു. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവർക്കും പദ്ധതിയിൽ അംഗത്വം നൽകും. 365 ദിവസവും ദിവസം മുഴുവൻ കാൾ സെന്റർ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തിൽ ഉൾപ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂർണ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
SUMMARY: MediCep second phase from February 1














