കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തില്‍ ആകെ 15 സ്റ്റേഷനുകളാണ് ഉള്ളത്. നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ രണ്ട് സ്റ്റേഷനുകള്‍ ഭൂമിക്കടിയിലായിരിക്കും. 15 സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്ഷന്‍, എല്‍.എഫ്. ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണത്.
മെട്രോയെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്. ഇതിനായി വളരെ നേരത്തെ തന്നെ ഗതാഗതപഠനമുള്‍പ്പെടെ നടത്തിയിരുന്നു. അങ്കമാലി റൂട്ട് യാഥാര്‍ഥ്യമായാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം മൂന്നാംഘട്ടത്തില്‍ അങ്കമാലി റെയില്‍വേ സ്റ്റേഷൻ ഉള്‍പ്പെടില്ല.
പദ്ധതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് അങ്കമാലി റെയില്‍വേ സ്റ്റേഷൻ ഒഴിവാക്കിയതെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൻ്റെ (കെഎംആർഎല്‍) വിശദീകരണം. അങ്കമാലി റെയില്‍വേ സ്റ്റേഷൻ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
SUMMARY: Metro will not reach Angamaly railway station; 15 stations in Kochi Metro Phase 3.
















