ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.ഐ.ആർ) ആശങ്കകൾ ഉന്നയിച്ച് ഫ്രീഡം പാർക്കിൽ പ്രതിഷേധം. വിവിധ സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരുടെ മാർച്ച് തടഞ്ഞ പോലീസ്, നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പരിശോധനാ നടപടികൾ കൂടുതൽ സുതാര്യവും ലളിതവുമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലും നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വോട്ടവകാശം സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, വോട്ടർപട്ടികയുടെ പുനഃപരിശോധനയുടെ പേരിൽ യഥാർഥ വോട്ടർമാർക്ക് അവകാശം നഷ്ടപ്പെടരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രത്യേക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമായ രേഖകൾ ശേഖരിക്കുകയും ചെയ്യുന്ന നടപടികളാണ് നടക്കുന്നത്. എന്നാൽ നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും, രേഖകളുടെ അഭാവം മാത്രം ചൂണ്ടിക്കാട്ടി അർഹരായവരുടെ പേരുകൾ ഒഴിവാക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, വോട്ടർപട്ടിക കൃത്യവും വിശ്വാസയോഗ്യവുമാക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പ്രത്യേക തീവ്ര പുനഃപരിശോധന നടത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ നിലപാട്. അർഹരായ ഒരു വോട്ടറുടെയും പേര് അന്യായമായി ഒഴിവാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ഐ.ആറിനെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് ബെംഗളൂരുവിലും പ്രതിഷേധം നടന്നത്. വോട്ടവകാശ സംരക്ഷണവും തെരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന. എദ്ദേളു കർണാടക, മുസ്‌ലിം മുത്താഹാദെ മഹസ്, നമ്മ മത നമ്മ ഹക്കു വേദിഗെ, ആക്ടീവ് ബാംഗ്ലൂർ, നാഗരീക മത കാവലു സമിതി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
SUMMARY: SIR draft list; Protest at Bengaluru’s Freedom Park
















