തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ സാങ്കേതിക തടസ്സം നീങ്ങിയിരിക്കുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
“വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറൻസ്
അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറൻസ് ആണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്” എന്നാണ് അദ്ദേഹം കുറിച്ചത്.
കോഴിക്കോട് മുറിപ്പുഴയിലും വയനാട് മേപ്പാടിയിലുമായി ഒരേസമയം പാറ തുരക്കല്‍ ജോലികള്‍ ആരംഭിക്കും. ഏകദേശം 1,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. 8.73 കിലോമീറ്റർ നീളമുള്ള തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പശ്ചിമഘട്ടത്തിലൂടെയുള്ള നിർമ്മാണമായതിനാല്‍ പ്രകൃതിക്ക് ആഘാതമുണ്ടാകില്ലെന്ന കൃത്യമായ ഉറപ്പ് നല്‍കിയതിന് ശേഷമാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചത്.
SUMMARY: Wayanad Tunnel; Minister Riyaz says final clearance has been received from the Union Ministry of Forests and Environment















