മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ച് കാറിൻ്റെ ടയർ പൊട്ടിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനത്തിലുണ്ടായിരുന്നവരും പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സന്ദീപ് വാര്യർ സഞ്ചരിച്ച കാറും മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും പാതയിലെ ഗതാഗതം സുഗമമാക്കുകയും ചെയ്തു.
SUMMARY: MLA Sandeep Varier’s car met with an accident; a major tragedy was narrowly averted.















