ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് പുതിയ മെട്രോ പാതയില്‍ പ്രധാനമന്ത്രി യാത്രയും നടത്തി.
കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേല്‍പ്പാല മെട്രോ പാതയില്‍ 11 സ്റ്റേഷനുകളാണുള്ളത്. ഓപ്പറേറ്ററില്ലാത്ത ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിള്‍ ഡെക്കർ ഘടനയും ഈ പാതയുടെ പ്രധാന പ്രത്യേകതകളാണ്.
ഞായറാഴ്ചകളില്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച (ഒക്‌ടോബർ 12) മുതല്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയും പൊതുജനങ്ങള്‍ക്കായി സർവീസ് ലഭ്യമാകും. തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവിട്ടും മറ്റ് സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, കാരയാഞ്ചവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കള്‍, തെളളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ പാതയിലെ സ്റ്റേഷനുകള്‍. ഗതാഗതം, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, പെട്രോളിയം, ഗവേഷണം എന്നീ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കുന്നുണ്ട്. ഇതില്‍ എൻ.എച്ച് 744 റോഡ് വികസനവും 750 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികളും ഉള്‍പ്പെടുന്നു.
SUMMARY: Modi inaugurates Chennai Metro Phase 2
















