ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രേംകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില പരിശോധിച്ചശേഷം ഇയാളെ കേരളത്തിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ബിഎൽഎം)യിലേക്ക് നിക്ഷേപം സ്വീകരിക്കുന്നതിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തു. കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി അടുത്ത മാസം 29 ന് കേരള ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്.
SUMMARY: Multi-crore investment fraud: BLM Cooperative Society Chairman Premkumar taken into custody in Chennai
















