ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG) 2026 ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന കാലവധിക്കുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഈ സമയത്തിനുള്ളിൽ അപേക്ഷിക്കാമെന്ന് എൻടിഎ അറിയിച്ചു.
നീറ്റ് യുജി 2026 ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി കഴിഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം രജിസ്ട്രേഷനുള്ള സമയം നീട്ടി നൽകി നാഷണൽ ടെസ്റ്റിങ് ഏജൻസി സർക്കുലർ ഇറക്കുകയായിരുന്നു.
നേരത്തെ മാർച്ച് എട്ട് ആയിരുന്നു അവസാന തീയതി, എന്നാൽ ഇപ്പോൾ, പുതുക്കിയ സമയ പരിധി പ്രകാരം അത് മാർച്ച് 11 വരെ നീട്ടി.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -NEET (UG) 2026-നുള്ള ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 11, രാത്രി ഒമ്പത് മണി വരെയാണ് നീട്ടി നൽകിയിട്ടുള്ളത്.
മാർച്ച് 11-ന് രാത്രി 11:50 വരെ ഫീസ് അടയ്ക്കാം. നീട്ടിയ തീയതിക്കും സമയത്തിനും ഉള്ളിൽ അപേക്ഷകർ ഫോം പൂരിപ്പിക്കണം. കാലാവധി ഇനി നീട്ടി നൽകില്ലെന്ന് എൻ ടി എ അറിയിച്ചു.















