ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് യുജിസി ആക്ട് 1956 സെക്ഷൻ 3 അനുസരിച്ച് കഴിഞ്ഞ ജൂലൈയിലാണ് ക്രിസ്തുജയന്തി കോളേജിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയത്. സി എം ഐ സഭയുടെ കോട്ടയം സെൻറ് ജോസഫ് പ്രോവിൻസിന്റെ മേൽനോട്ടത്തിൽ ബെംഗളൂരു നഗരത്തിലെ കൊത്തന്നൂർ ആസ്ഥാനമായി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന പതിനാറായിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ക്രിസ്തുജയന്തി.
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം മുഖ്യാതിഥിയായി. കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്‌ട്രോങ് പാമേ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോ എന്നിവർ സന്നിഹിതരായി. സിഎംഐ സഭയുടെ പ്രയർ ജനറൽ ഫാ.ഡോ.തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷനായി. ചാൻസലറും സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യാളുമായ ഫാ. ഡോ. എബ്രഹാം വെട്ടിയങ്കൽ, വൈസ് ചാൻസലർ ഫാ. ഡോ. അഗസ്റ്റിൻ ജോർജ്, പ്രൊ വൈസ് ചാൻസിലർ ഫാ.ഡോ. ലിജോ പി.തോമസ്, ചീഫ് ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജെയ്‌സ് വി.തോമസ്, യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ.അലോഷ്യസ് എഡ്വേർഡ് എന്നിവർ സംസാരിച്ചു. യൂണിവേഴ്‌സിറ്റി ലോഗോയുടെയും 25 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച് രചിച്ച ‘ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്തുജയന്തി യൂണിവേഴ്‌സിറ്റി’ എന്ന പുസ്തകത്തിന്റെയും പ്രകാശനംച്ചടങ്ങിൽ നടന്നു. ക്രിസ്തുജയന്തി ഡാൻസ് അക്കാദമിയും ക്രിസ്തുജയന്തി മ്യൂസിക് അക്കാദമിയും ചേർന്നൊരുക്കിയ കലാവിരുന്ന് അരങ്ങേറി.
SUMMARY: Official inauguration of the Christ Jayanti Deemed University














