ബെംഗളൂരു: തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.). ഇന്നു മുതൽ 15 ദിവസത്തേക്കു പ്രതിദിനം 12000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാനാണ് നിർദേശം. ജൂലൈ 28ന് തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ കാവേരി ജല മാനേജ്മെന്റ് കമ്മിറ്റി (സിഡബ്ല്യുഎംസി) ഉത്തരവിട്ടിരുന്നു. ഇതിനെതിരെയുള്ള കർണാടകയുടെ അപ്പീൽ തള്ളിയതിനെ തുടർന്ന് കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് പുതിയ നിര്‍ദേശം.
കന്നഡ ചലാവലിയുടെ നേതൃത്വത്തിൽ കന്നഡ സംഘടനകൾ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച കർണാടക ബന്ദ് കടുക്കുമെന്ന് ഇതോടെ ഉറപ്പായി. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. കന്നഡ സംഘടനാനേതാവും മുൻ എം.എൽ.എ.യുമായ വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലായിരുന്നു ബന്ദാഹ്വാനം. തമിഴ്നാടിന് വീണ്ടും വെള്ളം വിട്ടുകൊടുക്കാനുള്ള നിർദേശത്തിനെതിരെ മാണ്ഡ്യയിൽ കർഷകരും കന്നഡ സൗഹൃദ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ന് മാണ്ഡ്യയിൽ വിശ്വേശ്വരായ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധം തുടരുമെന്ന് ജില്ലാ കർഷക ക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്. ബന്ദ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ സംഘടനകളുടെ യോഗം വീണ്ടും ചേരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയര്‍ന്നതിനാല്‍ തമിഴ്‌നാടിന് ജലം വിട്ടുനൽകിയിരുന്നു. എന്നാല്‍ വീണ്ടും മഴ കുറഞ്ഞത് അണകെട്ടുകളിലെ ജലലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതിനിടക്കാണ് വെള്ളം വിട്ടുകൊടുക്കാനുള്ള പുതിയ നിർദേശം. കെആർഎസ്, കബനി, ഹേമാവതി, ഹാരംഗി എന്നീ അണക്കെട്ടുകളിലെ ജലനിരപ്പും ഇതിലേക്കുള്ള നീരൊഴുക്കും അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥാ പ്രവചനങ്ങളുടേയും സ്ഥിതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കുമെന്നാണ് സൂചന.
SUMMARY: Order to release Cauvery water to Tamil Nadu again; Protests will be heavy, Karnataka bandh tomorrow
















