ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ വഴിയിൽ കുടുങ്ങി. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് വരികയായിരുന്ന തീർത്ഥാടക സംഘമാണ് ഭീംബാലി എന്ന സ്ഥലത്ത് കുടുങ്ങിയത്. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം തടസപ്പെട്ടതോടെ പോലീസ് തീർത്ഥാടകരെ തടയുകയായിരുന്നു. തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘമാണ് ഇതോടെ വഴിയിൽ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിൽ.
കേദാർനാഥിൽ നിന്ന് ഗൗരി കുണ്ഡിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൊടുംതണുപ്പിൽ റോഡരികിലാണ് സംഘം മണിക്കൂറുകളായി കഴിയുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയവർ അറിയിച്ചത്. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതായും ആവശ്യമായ താമസസൗകര്യവും സുരക്ഷയും ഒരുക്കണമെന്ന് തീർത്ഥാടകർ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിന് പുറമേ ഉത്തർപ്രദേശ്, ഒഡിഷ, സിക്കിം, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. യു.പിയിൽ മൂന്നുദിവസമായി തുടരുന്ന മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
SUMMARY: Heavy rains and landslides in Uttarakhand;A 55-member Malayalee group who went on a pilgrimage got stuck in Kedarnath















