ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ആർസിബി അനാവശ്യ തിടുക്കം കാട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. പൊലീസ് അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ടീം നൽകിയ വിവരങ്ങൾക്കനുസരിച്ചാണ് 5 ലക്ഷത്തോളം പേർ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്താനും ദുരന്തത്തിനും കാരണമായതെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
അതിനിടെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു വെസ്റ്റ് അഡിഷനൽ കമ്മിഷണർ വികാശ് കുമാർ വികാശ് ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ട്രിബ്യൂണൽ റദ്ദാക്കി. പൊലീസിനു തയാറെടുപ്പിനു ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ആർസിബിയാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ചെറിയ സമയം കൊണ്ട് ഇത്രയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ മാന്ത്രികരല്ലെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ 4നാണ് ആർസിബി ഐപിഎൽ ചാംപ്യൻമാരായതിന്റെ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു.
SUMMARY: Prima facie, RCB is responsible for Chinnaswami stampede, says Central Administrative Tribunal.