ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം ‘പൊൻ തിരുവോണം 2026’ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രിൻസ് ടൗൺ അപാർട്മെന്റിൽ നടക്കും. കലാമണ്ഡലം ആദിത്യന്റെ നേതൃത്വത്തിലുള്ള മേജർസെറ്റ് കഥകളി സംഘം അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി, വടക്കൻ കളരിയിലെ പ്രഗത്ഭരായ പയറ്റുകാരുടെ ആവേശം പകരുന്ന കളരിപ്പയറ്റ് എന്നിവ ഈ വർഷത്തെ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
സെപ്റ്റംബർ 26ന് രാവിലെ പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 3 മണിയോടെ, വാദ്യമേളങ്ങളുടെയും വിവിധ വേഷങ്ങളുടെയും അകമ്പടിയോടെ ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന വർണശബളമായ ഘോഷയാത്ര അരങ്ങേറും. വൈകുന്നേരം 7 മണിയോടെ പൂതനാമോക്ഷം കഥകളി, തുടർന്ന് കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും നടക്കും.
സെപ്റ്റംബർ 27ന് രാവിലെ വടംവലി മത്സരവും വിവിധ കായിക മത്സരങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിയോടെ പരമ്പരാഗത ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
പ്രിൻസ്ടൗൺ മലയാളി അസോസിയേഷൻ ഭാരവാഹികളായ പ്രവീൺ കെ. സി., രോഹിത്, നിതിഷ് നമ്പ്യാർ, ശശിധരൻ പത്തിയിൽ, ഷാജ് ഫിലിപ്പ്, എൽദോ ജോർജ്, സതീശൻ അരുൺ, ഗണേഷ്, ഷിബു ചെമ്മേരി, സുമിൻ, റിജേഷ്, സജീവ്, അഭിനന്ദ്, രാംദാസ്, ആതിര, കുഞ്ഞുമേരി, ബുഷ്റ, ഷീജ, റൈഹാന, പാർവതി, ഭവ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.















