ബെംഗളൂരു: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച മൈസൂരിൽ വിമാനമിറങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജ്ജ മന്ത്രി കെ.ജെ. ജോർജ്ജ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുൽ ഗാന്ധി മൈസൂരു വിമാനത്താവളത്തിലിറങ്ങിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു രാഹുലിന്റെ വരവ്. രാഹുലിനെ കാണാൻ സിദ്ധരാമയ്യയും ശിവകുമാറും ബെംഗളൂരുവിൽനിന്ന് മൈസൂരുവിലെത്തുകയായിരുന്നു. വിമാനത്താവളത്തിനകത്ത് രാഹുലിനെ ഉപഹാരംനൽകി സിദ്ധരാമയ്യ സ്വീകരിച്ചു. ഡി.കെ. ശിവകുമാർ ഒപ്പംനിന്നു. ഇരുനേതാക്കളോടും കുറച്ചുസമയം സംസാരിച്ച ശേഷമാണ് രാഹുല്‍ ഹെലികോപ്റ്ററിൽ ഗൂഡല്ലൂരിലേക്ക് യാത്ര തുടർന്നത്
രാഷ്ട്രീയവുമായി ബന്ധപ്പെട്ടതോ അധികാര പങ്കിടൽ അല്ലെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ ഞങ്ങൾ രാഹുൽ ഗാന്ധിയുമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘വീണ്ടും പറയട്ടെ, അത്തരമൊരു ചർച്ച ഉണ്ടാകില്ല. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി ഹൈക്കമാൻഡ് എന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടില്ല’ – മുഖ്യമന്ത്രി വ്യക്തമാക്കി.
മൈസൂരു കൊട്ടാരത്തിന്റെ മിനിയേച്ചർ സിദ്ധരാമയ്യ രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു. ഈ കൂടിക്കാഴ്ച കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് താൽക്കാലികമായി വിരാമം ഇടുമെന്നാണ് പാർട്ടി വൃത്തങ്ങൾ കണക്കാക്കുന്നത്.
SUMMARY: Rahul Gandhi in Mysuru during Gudalur Yatra;Siddaramaiah and Shivakumar to accept














