തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകള്‍ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി ഒരു തവണ പോലും റേഷൻ വാങ്ങാത്ത 44,279 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഇതില്‍ 5,370 അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡുകളിലായി 6,401 ഗുണഭോക്താക്കളും, 38,909 മുൻഗണനാ (പിഎച്ച്‌എച്ച് – പിങ്ക്) കാർഡുകളിലായി 60,300 ഗുണഭോക്താക്കളുമുണ്ട്.
മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട (നീല, വെള്ള, ബ്രൗണ്‍) 5,62,494 കാർഡുകളാണ് ഇത്തരത്തില്‍ ആറ് മാസമായി റേഷൻ വാങ്ങാതെ നിർജ്ജീവമായി കിടക്കുന്നത്. ഇതില്‍ എൻപിഎൻഎസ് (വെള്ള) വിഭാഗത്തില്‍ 4,33,811 കാർഡുകളും, എൻപിഎസ് (നീല) വിഭാഗത്തില്‍ 1,19,166 കാർഡുകളും, എൻപിഐ (ബ്രൗണ്‍) വിഭാഗത്തില്‍ 9,517 സ്ഥാപന കാർഡുകളുമുണ്ട്.
അടുത്ത മാസം മുതല്‍ കേന്ദ്ര പദ്ധതിയായ ‘സ്മാർട്ട് പിഡിഎസ്’ (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകള്‍ വെട്ടിമാറ്റപ്പെടാനാണ് സാധ്യത. 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക.
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടില്‍ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. 2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാർഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്‌വെയർ വഴി എളുപ്പത്തില്‍ കണ്ടെത്താനാകും.
SUMMARY: Ration cards unused for over six months to be frozen
















