തിരുവനന്തപുരം: കനത്ത ചൂടിന് അല്പം ആശ്വാസമേകി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വേനൽമഴ. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ശനിയാഴ്ച മഴ ലഭിച്ചത്. കണ്ണൂരിന്റെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ നഗരത്തിലും തലശേരിയിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു.
കനത്ത കാറ്റിൽ പരശുരിൽ വീടിന്റെ മേൽക്കൂര തകർന്നു. ചിറ്റാരിപ്പറമ്പിൽ കടയുടെ മേൾക്കൂര പറന്നുപോയി. കൂത്തുപറമ്പിൽ മൂന്ന് വീടുകൾക്ക് മുകളിൽ തെങ്ങ് വീണു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്തതോടെ അന്തരീക്ഷ താപനിലയിൽ കുറഞ്ഞിട്ടുണ്ട് കോഴിക്കോട് മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലാണ് ഉച്ചയോടെ മഴ തുടങ്ങിയത്. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്.
മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
SUMMARY: Relief from summer heat; Heavy rain in North Kerala















