തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തിങ്കളാഴ്ച രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും അതിനോട് ചേർന്ന തെക്കൻ ഒഡിഷ തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആയിരിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റ് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും നൽകിയിട്ടുണ്ട്.
25-ാം തീയതി തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.
SUMMARY: Possibility of very heavy rain in the state; orange alert issued for ten districts.















