തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ നഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ഹോർമോസ്ഗാൻ പ്രവിശ്യയിൽ വിവാഹാഘോഷത്തിൽ പങ്കെടുത്തവരാണ് മിസൈലാക്രമണത്തിൽ മരിച്ചത്. അൻപതിലേറെപ്പേർക്ക് പരിക്കുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്ന സിറിക് സ്ഥിതിചെയ്യുന്നത്
ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ യു.എസ്. ആക്രമണം നടത്തിയതായി നേരത്തേ ഇറാൻ മാധ്യമങ്ങൾ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് സമീപത്തെ ലരാക്ക് ദ്വീപീലേക്ക് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ സെെനികൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് യുഎഇയിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലേക്ക് എത്തിയ ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു. ഇതിന് മറുപടിയായാണ് വീണ്ടും അമേരിക്ക യുദ്ധമുഖം തുറന്നിരിക്കുന്നത്.
SUMMARY: US attack again on Iran; Four people including a baby were killed and 50 people were injured
















