കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ ഡോക്ടര്‍ക്ക് കോടതി 47വർഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പി കൃഷ്ണ(78)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറു മാസവും അധിക തടവനുഭവിക്കണം.
2020 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരി കാലിന് അസുഖം വന്നതിനെ തുടര്‍ന്ന് ചികിത്സക്കായി ഡോ കൃഷ്ണന്റെ പെരിയയിലെ ക്ലിനിക്കിലെത്തിയതായിരുന്നു. പരിശോധന നടത്തുന്നതിനിടെ കൃഷ്ണന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമം 376(3) വകുപ്പ്, പോക്സോ ആക്ട് 6(1) ആര്/ഡബ്ല്യു 5(സി)വകുപ്പ്, പോക്സോ ആക്ട് 10 ആര്/ ഡബ്ല്യു 9(ഇ) എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
SUMMARY: Sexual assault on 16-year-old: Doctor sentenced to 47 years of rigorous imprisonment and fined















