ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി വിധിക്ക് എതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകളില്‍, തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോർജ് സുപ്രീം കോടതിയില്‍ തടസ്സ ഹർജി ഫയല്‍ ചെയ്തു. വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും നല്‍കിയ പ്രത്യേക അനുമതി ഹർജികള്‍ വരുന്ന തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോണ്‍ ജോർജിന്റെ ഈ നിർണ്ണായക നീക്കം.
കേന്ദ്രത്തിന്റെ പുതിയ വഖഫ് നിയമപ്രകാരം നോണ്‍-മുസ്ലിം, ഷിയാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ നിയമവിരുദ്ധമായാണ് നിലവിലെ വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷോണ്‍ ജോർജ് നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനടക്കം കോടതി നിയന്ത്രണം ഏർപ്പെടുത്തി.
ബോർഡിന്റെ മേല്‍നോട്ട ചുമതല താല്‍ക്കാലികമായി സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കണമെന്നുമാണ് ബോർഡും ഉമർ ഫൈസിയും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: Waqf Board Issue: Shaun George files caveat in Supreme Court















