മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാല് വയസ്സുള്ള കുട്ടിക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം മാത്രം മലപ്പുറം ജില്ലയില്‍ ഷിഗല്ല ബാധിതരായവരുടെ ആകെ എണ്ണം 12 ആയി ഉയർന്നു. രോഗം ബാധിച്ച കുട്ടി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.
നേരത്തെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം എന്നീ പ്രദേശങ്ങളിലും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അങ്ങാടിപ്പുറത്തും രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം പടരാനുണ്ടായ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. രോഗബാധയെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
SUMMARY: Shigella resurfaces in Malappuram; infection confirmed in another four-year-old in Angadippuram
















