അവയവദാനം

ചെറുകഥ 📖 നവീന്‍ എസ്

 

ഒന്ന്◼️
ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ നീണ്ട ബസ് യാത്രയിൽ മുഴുവൻ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയിൽ ബസ് ചെന്ന് നിൽക്കുമ്പോഴും ചിന്തകളുടെ മുൾപ്പടർപ്പിനുള്ളിൽ നിന്നും അയാൾ പുറത്ത് കടന്നിരുന്നില്ല. അത് കൊണ്ടാണ്, പല്ലുകൾക്കിടയിൽ പെട്ട തെറി വാക്കുകൾ കടിച്ചു പൊട്ടിച്ചു കൊണ്ട്, കണ്ടക്ടർക്ക് അയാളെ ചെന്ന് തട്ടിയുണർത്തേണ്ടി വന്നത്.

ബസിൽ നിന്നിറങ്ങി തല നിവർത്തിയത് ആശുപത്രിയുടെ പഴകി ദ്രവിച്ച ബോർഡിലേക്കാണ്. “ആദിവാസികൾക്കായി കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം” എന്ന കറുത്ത അക്ഷരങ്ങൾ മാഞ്ഞും തെളിഞ്ഞും നിരന്ന മഞ്ഞ ബോർഡിന് താഴെ തറയിൽ ചിലർ ഇരിക്കുന്നുണ്ട്. സിമന്റ് തേപ്പിളകി ചെങ്കല്ലുകൾ വെളിപ്പെട്ട ചുവരും മേൽക്കൂരയിലെ തുരുമ്പെടുത്ത തകര ഷീറ്റും കെട്ടിടത്തിന്റെ പ്രായാധിക്യം വിളിച്ചോതുന്നുണ്ട്. കുന്നിൻ മുകളിലുള്ള ഒരു കാട്ടുപ്രദേശമായിരുന്നു അത്. കാടിനകത്തേക്ക് ‘റ’ ആകൃതിയിൽ നിരപ്പാക്കിയെടുത്ത സ്ഥലത്ത് നില കൊള്ളുന്ന ആശുപത്രി കെട്ടിടത്തിന് നേരെ യൂസഫ് നടന്നു.

അടഞ്ഞു കിടക്കുന്ന വാതിലിന് മുന്നിൽ തറയിൽ ഇരിക്കുന്നവർ ചുമ്മാ തുറിച്ച് നോക്കിയതല്ലാതെ അയാളോടൊന്നും ചോദിച്ചില്ല. എന്തിന്, അവർ തമ്മിൽ വല്ലതും സംസാരിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. കാറ്റത്ത് തകര ഷീറ്റുകളടിച്ചുണ്ടാകുന്ന കടകട ശബ്ദം മാത്രമേ തിങ്ങിക്കിടന്ന നിശ്ശബ്ദതയെ ഇടക്കെങ്കിലും അലോസരപ്പെടുത്തുന്നുള്ളു. തിളച്ചു മറിയുന്ന നഗര ബഹളങ്ങളിൽ ഊളിയിട്ട് പഴകിയ അയാൾക്ക് ആ ശാന്തതയുമായി പൊരുത്തപ്പെടാൻ ചെറുതല്ലാത്ത പ്രയാസമനുഭവപ്പെടുന്നുണ്ട്.

നിലത്തിരിക്കുന്നവരുടെ കണ്ണുകൾ തന്റെ മേൽ നിന്നും മാറിയിട്ടില്ലെന്ന് യൂസഫിന് മനസിലായി. അവരുടെ നോട്ടം മുഴുവൻ തന്റെ വസ്ത്രത്തിലേക്കാണെന്ന തോന്നലിൽ അയാളൊന്നു ചൂളി. അത്ര മികച്ച വസ്ത്രങ്ങളൊന്നുമല്ല അയാൾ ധരിച്ചിരുന്നത്. എന്നാൽ അവരുടെ പഴകി മുഷിഞ്ഞ വസ്ത്രങ്ങളേക്കാൾ എത്രയോ മടങ്ങ് മെച്ചമാണെന്നതിൽ സംശയമില്ല. നഗരത്തിരക്കുകളിലൂടെ നിർബാധമൊഴുകാറുള്ള വില കൂടിയ വസ്ത്രങ്ങളുടെ മിനുപ്പുകളിലേക്ക് നിയന്ത്രണം വിട്ട് നീളാറുള്ള തന്റെ കണ്ണുകളെ പറ്റി പെട്ടെന്നയാൾ ഓർത്തു. വർധിച്ച അസ്വസ്ഥതയും പേറി എതിർവശത്തെ മാടക്കട ലക്ഷ്യമാക്കി അയാൾ പതിയെ നടന്നു.

കടയോട് ചേർന്ന് വലിച്ചു കെട്ടിയ ഫ്ലക്സിനടിയിലെ മരബെഞ്ചിൽ യൂസഫ് ചെന്നിരുന്നു. ചില്ല് ഗ്ലാസിൽ കിട്ടിയ ചായ തണുത്ത കയ്യിൽ ഇളം ചൂട് പകരുന്നുണ്ട്. ആവി പറക്കുന്ന ചായ മൊത്തി കുടിക്കുമ്പോഴാണ് കടയുടെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പയ്യൻ അയാളുടെ കണ്ണിൽപ്പെട്ടത്. ഈർപ്പമകന്ന ചകിരി കണക്കെയുള്ള ചപ്രശ്ശ മുടി, എല്ലുന്തിയ മുഖത്തെ ഒട്ടിയ കവിളുകൾ, മേൽച്ചുണ്ടിൽ മീശയെന്ന് വിളിക്കാനാകാതെ ചിതറി കിടക്കുന്ന രോമങ്ങൾക്ക് താഴെ മുന്നോട്ട് തള്ളി നിൽക്കുന്ന കറ പിടിച്ച പല്ലുകൾ, മുഷിഞ്ഞു നാറി ഒറ്റ നിറമായ ഷർട്ടും മുണ്ടും – ഒരു പട്ടിണിക്കോലത്തിന് വേണ്ട സർവ്വ ലക്ഷണങ്ങളും തികഞ്ഞിട്ടുണ്ട്. ചൂട് വമിക്കുന്ന സമോവറിനരികിൽ മെല്ലിച്ച കൈകൾ പിണച്ച് ഇരു തോളിലും പിടിച്ച് കൂനിക്കൂടി ഇരിക്കുന്ന അവന്റെ കുണ്ടിൽ പോയ കണ്ണുകൾ അകലെയെവിടെയോ തറച്ച് വെച്ചിരിക്കുകയാണ്.

“ഇവിടെ ആരെ കാണാനായിരുന്നു?”

കടക്കാരന്റെ ചോദ്യം കേട്ടാണ് യൂസഫ് പയ്യനിൽ നിന്നും നോട്ടം പറിച്ചെടുത്തത്.

പുതിയ ചാലുകൾ എത്ര വന്നടിഞ്ഞാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമുദ്രമാണ് നഗരമെങ്കിൽ, ഗ്രാമങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒരു പുറം നാട്ടുകാരൻ ഗ്രാമീണനിലുണ്ടാക്കുന്ന സ്വാഭാവികമായ ജിജ്ഞാസയാണ് കടക്കാരന്റേത്. വർഗ്ഗീസ് ഡോക്ടർ പറഞ്ഞ പ്രകാരം അദ്ദേഹത്തെ കാണാൻ വന്നതാണെന്ന വിവരം അയാളെ തൃപ്തിപ്പെടുത്തിയിരിക്കണം. നഗരത്തിലെ ആശുപത്രി തിരക്കുകൾക്കിടയിലും ആഴ്ച്ചയിലൊരിക്കൽ കാട് കയറി വന്ന് രോഗികളെ കാണുന്ന ഡോക്ടറുടെ നല്ല മനസ്സിനെ പറ്റി അയാൾ വാചാലനായി. കൂടിയ രോഗമുള്ളവരെ നഗരത്തിലെ ആശുപത്രിയിൽ കൊണ്ട് പോയി പോലും ഡോക്ടർ ചികിത്സിക്കുന്നുണ്ടത്രേ; അതും തികച്ചും സൗജന്യമായി.

പെട്ടെന്നാണ് വികൃതമായ ശബ്ദത്തിൽ കൂകി വിളിച്ച് കൊണ്ട് ആ പയ്യൻ കാട്ടിലേക്ക് ഓടിക്കയറിയത്. ആശുപത്രിക്ക് മുന്നിലിരുന്നവരിൽ ഒന്ന് രണ്ട് പേർ അവന് പുറകെയോടി. മറ്റുള്ളവരാകട്ടെ യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ ആ ഇരിപ്പ് തുടർന്നു.

“ഓനങ്ങനാ സാറേ”

ഇടക്ക് മുറിഞ്ഞ് പോയ സംസാരം കടക്കാരൻ വീണ്ടെടുത്തു.

“എന്തോ കൂടിയ സൂക്കേടായിനു. ടൗണിലെ ഡോക്ടറ്ടെ ആസ്പത്രില് എത്ര കെടന്നിട്ടാ ഉയിര് ബാക്കി കിട്ട്യേന്നറിയോ ഇങ്ങക്ക്…. ഇന്ന്ട്ടും ഒറ്റ പൈസ മൂപ്പര് വാങ്ങീട്ട്ലാ.”

യൂസഫിന്റെ ചിന്ത വീണ്ടും മകനിലെത്തി. നഗരത്തിലെ ആശുപത്രിയിൽ കിടക്കുന്ന മകന്റെ രോഗ വിവരം പറയാനായി ഇത്രയുമകലേക്ക് വരാൻ ഡോക്ടർ പറഞ്ഞതെന്തിനാവും? ഡോക്ടറുടെ വലിയ കറുത്ത കാറ് മുന്നിൽ വന്ന് നിർത്തുമ്പോഴും എത്തും പിടിയുമില്ലാത്ത പല ചിന്തകളിലായിരുന്നു അയാൾ.

“ആ…യൂസഫ്….നേരത്തെയെത്തിയോ? അകത്തേക്ക് വരൂ “

തോളിൽ തട്ടിയാണ് ഡോക്ടർ വിളിക്കുന്നത്. യൂസഫ് ഡോക്ടർക്ക് പുറകെ നടന്നു. കാത്തിരുന്നു മുഷിഞ്ഞ കണ്ണുകൾ ബഹുമാനം നിറച്ച് അവരെ പിന്തുടർന്നു.

രണ്ട്◼️

ഡോക്ടറുടെ മുറിയിൽ നിന്നുമിറങ്ങിയ യൂസഫിന് തല തിരിയുന്നത് പോലെ തോന്നി. വേച്ചുവേച്ച് ജനലിനോട് ചേർത്തിട്ടിരിക്കുന്ന മര ബെഞ്ചിൽ ചെന്നിരുന്നു. അറുപത് വാട്ട് ബൾബിന്റെ അരണ്ട മഞ്ഞ വെട്ടം വരാന്തയിൽ ഒഴുകിപ്പരക്കുന്നു. ജനലഴികളിൽ മുഖം ചേർത്ത് പുറത്തെ ഇരുട്ടിലേക്ക് നോക്കി അയാളിരുന്നു. ഏതോ ഗുഹയിൽ നിന്നെന്ന പോലെ ഡോക്ടറുടെ ശബ്ദം വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുന്നു. എത്ര നേരമങ്ങനെ ഇരുന്നു എന്നറിയില്ല. നിശബ്ദതയെ ചവിട്ടി മെതിക്കുന്ന ബൂട്ടിന്റെ കനത്ത ശബ്ദം തൊട്ടരികിലെത്തിയിട്ടും അയാൾ മുഖമുയർത്തിയില്ല.

“യൂസഫല്ലേ….?”

കലങ്ങിയ കണ്ണുകൾ ഇടം കൈയാൽ തുടച്ച് എണീക്കാൻ തുടങ്ങിയ യൂസഫിനെ തടഞ്ഞു കൊണ്ട് വന്നയാൾ ബെഞ്ചിലിരുന്നു.

“ഞാൻ ബാബു…ഇവിടുത്തെ വർഗീസ് ഡോക്ടറുടെ സുഹൃത്താണ്. നിങ്ങടെ മോന്‍റെ കാര്യമെല്ലാം ഡോക്ടറെന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് കാണാൻ വേണ്ടിയാ ഞാനിപ്പോൾ വന്നത്. “

യൂസഫ് ഒന്ന് മുരടനക്കി; അത്ര മാത്രം.

“കുട്ടിയുടെ അവസ്ഥ എത്രത്തോളം മോശമാണെന്ന് ഡോക്ടർ പറഞ്ഞില്ലേ?”

തനിക്ക് നേരെ ഉയർന്ന ആ കണ്ണുകളിലെ തിരയിളക്കം ബാബു പ്രതീക്ഷിച്ചതാണ്.

“പറഞ്ഞിക്കണ് സാറേ…മൂപ്പരെന്തെല്ലോ പറഞ്ഞിക്കണ്. ഓപ്പരേശൻ ഇനീം വെച്ച് താമസിച്ചാൽ ഇന്റെ പൊന്നു മോനെ ഇനിക്ക് തിരികെ കിട്ടൂലാന്നൊക്കെ…”

വാക്കുകൾ മുഴുമിപ്പിക്കാനാകാതെ യൂസഫ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

“ഏ…എന്തായിത് യൂസഫ്…നിങ്ങളിങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാതെ. നമ്മുക്ക് പരിഹാരമുണ്ടാക്കാം. അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ”

ബാബുവിന്റെ കൈപ്പത്തി അയാളുടെ തോളിലമർന്നു.

“ഇങ്ങക്കറിയോ സാറേ, ഓൻ പെറന്നത് തന്നെ നെഞ്ചിലീ തൊളേങ്കാെണ്ടാ. ശ്വാസം കിട്ടാണ്ടെ ഓൻ പെടാപ്പാട് പെടണതെമ്പാടും ഞമ്മള് കണ്ടിക്കണ്. കുട്ട്യോൾടൊപ്പരം കളിക്കാനും സ്കൂളില് പൂവാനും പറ്റാണ്ടെ ഓൻ വെശ്മിക്കുമ്പോയൊക്കെ വല്തായാ ഒക്കെ ശെര്യാവുന്ന് ഒറപ്പ് പറഞ്ഞോനാ ഞമ്മള്. പച്ചേങ്കില് അന്നൊന്നും ഇത്രക്കും വല്യ കൊയ്പ്പണ്ട്ന്ന് പടച്ചോനാണെ ഞമ്മക്കറീലാർന്നു. ഓനെന്തേലും പറ്റൂന്നൊക്കെ കേട്ടാ സഹിക്കാൻ കയ്യൂല സാറേ”

സർവ്വ നിയന്ത്രണവുമറ്റ് നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ ഒളിപ്പിക്കാനായി അയാൾ ഇരുകൈകൾ ചേർത്ത് മുഖം പൊത്തി.

“അതിനെന്താ യൂസഫെ. ഈ ഓപ്പറേഷൻ ഇപ്പൊ കഴിഞ്ഞാപ്പിന്നെ പേടിക്കാനൊന്നുമില്ലെന്നേ. നിങ്ങള് പറഞ്ഞ കണക്ക് മോന് കളിക്കാനും സ്കൂളിൽ പോവാനുമൊക്കെ പറ്റും. ഡോക്ടറു പറഞ്ഞില്ലേ അതൊക്കെ? ഛെ…നിങ്ങളിങ്ങനെ കരയാതെ”

തോളിൽ വെച്ച കൈ കൊണ്ട് അയാൾ യൂസഫിന്റെ പുറത്ത് പതിയെ തട്ടി.

“മൂപ്പരെല്ലാം പറഞ്ഞിക്ക് സാറേ…പച്ചേങ്കില് ഓൻ്റെ വാൾവ് മാറ്റി വെക്കാൻ പത്തു ലച്ചെങ്കിലും ആവൂല്ലേ. അങ്ങാടി ചുമടെടുക്കണോനാ സാറേ ഞമ്മള്. ഇന്നെ കൊണ്ടത്തറയൊന്നും കൂട്ട്യാ കൂടൂല്ല.”

“അപ്പോ പിന്നെ എന്ത് ചെയ്യാനാ താൻ ഉദ്ദേശിച്ചിരിക്കുന്നേ?? മോൻ അങ്ങ് മരിച്ചു പൊക്കോട്ടേന്നാണോ? “

കൈ പിൻവലിച്ചു കൊണ്ട് ബാബു ശബ്ദമുയർത്തി.

“ഇന്റള്ളോ…അങ്ങനൊന്നും പറയല്ല സാറേ. ഇത്തറ കാലം ഓനെ ചികിൽസിച്ചെന്റെ കടം തന്നെ വീട്ടി കയിഞ്ഞിക്കില്ല. ഇനി ചോയ്ക്കാൻ പരിചയത്തിലൊരാളും ബാക്കീല്ല. ബന്ധക്കാരും കൂട്ടാരന്മാരൊക്കെ ഇന്നേ പോലെ തന്നെ പ്രാരാബ്ധക്കാരാ. വേറെ വയിയൊന്നുല്ല സാറേ മുന്നില്…അതാ…”

തികട്ടി വന്ന കരച്ചിലിൽ അയാളുടെ ശബ്ദം മുറിഞ്ഞു.

“ഒന്ന് ഞമ്മളൊറപ്പിച്ചിക്ക്; ഓനെ ചാവാൻ വിട്ടിട്ട് ഞമ്മള് ഉയിരോടുണ്ടാവൂല….”

അയാൾ ഏങ്ങലടിച്ചു.

“പോയങ്ങു മരിച്ചു കളഞ്ഞാൽ നിങ്ങള് രക്ഷപ്പെടും…നിങ്ങടെ മോനോ? അതോർത്തിട്ടുണ്ടോ?”

“പിന്നെ ഞമ്മളെന്താ സാറേ കാട്ടണ്ടെ ? ഓനെ പെറ്റിട്ടിട്ട് പോയതാ ഓന്റുമ്മ. ഇനി ഓന്റെ മയ്യത്തും കൂടെ ഇന്നെക്കൊണ്ട് ചൊമക്കാനാവൂല..ചത്താളും സാറേ. അതൊറപ്പിച്ചതാ ഞമ്മള്”

അടക്കിപിടിച്ച കരച്ചിൽ ഒരു വികൃത ശബ്ദത്തോടെ അയാളിൽ നിന്നും പുറത്തേക്കൊഴുകി.

“യൂസഫ്…..”

തലകുനിച്ചിരുന്ന് ഏങ്ങലടിക്കുന്ന അയാളെ ബാബു ചേർത്ത് പിടിച്ചു.

“മോനെ രക്ഷപ്പെടുത്താൻ നിങ്ങൾക്കു ചെയ്യാനാവുന്ന ഒരു കാര്യം ഞാൻ പറയാം….”

യൂസഫിന്റെ കലങ്ങിയ കണ്ണുകളിൽ പെട്ടെന്ന് ഒരു തിളക്കം മിന്നി മറഞ്ഞു.

“ഏതായാലും നിങ്ങൾ മരിക്കാൻ തീരുമാനിച്ചു. അതിനു പകരം നിങ്ങളെ ശരീരം കൊണ്ട് അവന്റെ ജീവനും ജീവിതവും രക്ഷപ്പെടുമെങ്കിൽ അതല്ലേടോ നല്ലത്?”

യൂസഫിന്റെ വിടരുന്ന കണ്ണുകളിൽ നോക്കി കൊണ്ട് ബാബു തുടർന്നു –

“നിങ്ങളുടെ മകനെ പോലെ പല അവയവങ്ങൾക്കുമായി കാത്തു കിടക്കുന്ന ഒരുപാട് പേരുണ്ട്. ഈ ആരോഗ്യമുള്ള ശരീരത്തിലെ ഓരോ അവയവത്തിനും അതിൽ പലർക്കും ഒരു പുതു ജീവൻ നൽകാനാകും.”

യൂസഫിന്റെ ഉറച്ച ശരീരത്തിൽ വിരലൂന്നിയാണ് അയാളത് പറഞ്ഞത്.

“ഇങ്ങള് പറയുന്നെ ഇനിക്ക് തിരിയണില്ല സാറേ”

“അതായത് യൂസഫെ…നമ്മുക്കൊക്കെ വൃക്ക രണ്ടെണ്ണമില്ലേ.. എന്നാൽ ശെരിക്കും ഒന്നു മാത്രം മതി നമ്മുക്ക്‌ ജീവിക്കാൻ.
ഞാൻ നേരത്തെ പറഞ്ഞ പോലെ, വൃക്ക ആവശ്യമുള്ള, അതിനായി കാശെത്ര വേണമെങ്കിലും ചിലവാക്കാൻ തയ്യാറുള്ള ഒരുപാട് പേര് എന്റെ കസ്റ്റഡിയിലുണ്ട്. നിങ്ങളുടെ ഒരു വൃക്ക നൽകിയാൽ മകന്റെ ഹൃദയശസ്ത്രക്രിയ നടത്തി ശിഷ്ടകാലം അവനൊപ്പം സുഖമായി ജീവിക്കാലോ.“

പറഞ്ഞു നിർത്തി ബാബു പതുക്കെയെണീറ്റു.

“എന്താ വേണ്ടതെന്നു നന്നായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. പിന്നൊരു കാര്യം. ഇപ്പറഞ്ഞതൊന്നും മൂന്നാമതൊരാൾ അറിയരുത് കേട്ടോ. പറഞ്ഞേക്കാം….”

നന്നായി ചിരിച്ച്, യൂസഫിന്റെ തോളിലൊന്ന് തട്ടി, അയാൾ നടന്നകന്നു.

യൂസഫിന് തന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നതായി തോന്നി. ആ ഇരുട്ടിൽ കൂട്ടുകാർക്കൊപ്പം ഉത്സാഹത്തോടെ കളിച്ചു നടക്കുന്ന മകനെ അയാൾ കണ്ടു. അപ്പോൾ അയാളുടെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

മൂന്ന്◼️

ആദിവാസിക്കോളനി കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന പ്രമുഖ ഡോകടർ അറസ്റ്റിലായ വാർത്തയുമായാണ് നാട്ടിലെ പത്രങ്ങൾ അന്ന് പുറത്തിറങ്ങിയത്. അന്നേ ദിവസത്തെ ഒരു പ്രമുഖ ദിനപത്രത്തിന്റെ “നല്ല വാർത്ത” പേജിൽ മറ്റൊരു വാർത്തയുണ്ടായിരുന്നു – സഹപ്രവർത്തകന്റെ മകന്റെ ചികിത്സക്കായി ലക്ഷങ്ങൾ സമാഹരിക്കാൻ മുൻകൈയ്യെടുത്ത ചുമട്ടു തൊഴിലാളികളുടെയും അവർക്കൊപ്പം നിന്ന ഒരു നാടിനേയും കുറിച്ചുള്ള ആ വാർത്തക്കൊപ്പം മകനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന യൂസഫിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയുമുണ്ടായിരുന്നു◼️

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടുംബ വഴക്ക്; ജയിൽ മോചിതരായ മരുമക്കൾ അമ്മാവനെ കുത്തിക്കൊന്നു

മലപ്പുറം; കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ടെൻഡർ...

ബിഎംടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തെരച്ചിൽ

ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നടത്തി; അ​ധ്യാ​പി​ക പി​ടി​യി​ല്‍

കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക...

നോയിഡയിൽ 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ...

കുടുംബ വഴക്ക്; ജയിൽ മോചിതരായ മരുമക്കൾ അമ്മാവനെ കുത്തിക്കൊന്നു

മലപ്പുറം; കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു സഹോദരങ്ങൾ...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ടെൻഡർ...

ബിഎംടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തെരച്ചിൽ

ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നടത്തി; അ​ധ്യാ​പി​ക പി​ടി​യി​ല്‍

കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക...

നോയിഡയിൽ 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ...

ജ​ർ​മ​നി​യി​ൽ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബെർലിൻ: ജർമ്മനിയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാനം​ തകർന്നുവീണ് രണ്ടുപേർ...

‘ബെംഗളൂരു ഇന്ത്യ നാനോ 2026’; നാനോ ടെക്നോളജി കോൺഫറൻസ് ഓഗസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അതിസൂക്ഷ്മ സാങ്കേതികവിദ്യ മേഖലയിലെ പ്രധാന അന്തർദേശീയ സമ്മേളനമായ 'ഇന്ത്യ...

ദമ്പതികളെ മർദിച്ചതായി പരാതി; ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ മർദിച്ചെന്ന പരാതിയിൽ ഡോക്ടറെ ബെംഗളൂരു പോലീസ് അറസ്റ്റ്...

Related Articles

Popular Categories