ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അൻപത് വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയ വൈരമുത്തു, ഇന്ത്യയിൽ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തി കൂടിയാണ്. ഇതിനുപുറമെ ആറ് സംസ്ഥാന പുരസ്കാരങ്ങളും അദേഹത്തെ തേടിയെത്തി. സമ്പുഷ്‌ടമായ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
അതേസമയം, വൈരമുത്തുവിനെതിരെ 2018ൽ ഗായിക ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞത്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.
SUMMARY: Tamil poet R Vairamuthu wins Jnanpith award















