ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും മരിച്ചു. ഇതോടെ വെള്ളിയാഴ്ച കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളികളുടെ എണ്ണം രണ്ടായി. വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ചെങ്കല്‍ ചൂളയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തില്‍ ദീപക് എന്ന തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഭൂപീന്ദർ എന്ന തൊഴിലാളിയെ ഉടൻ തന്നെ അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ സ്കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെയോടെ ഇയാളും മരണപ്പെടുകയായിരുന്നു.
ഭീകരാക്രമണ വിവരം അറിഞ്ഞയുടൻ സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായി വളഞ്ഞു. ഭീകരർക്കായി ഊർജ്ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Terrorist attack in Kashmir; two migrant workers from Chhattisgarh killed.
















