കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സബിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Three members of a family found dead; suspected to be a case of suicide















