വാഷിംഗ്ടൺ ഡിസി: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഹോർമൂസ് കനാൽ ഉടൻ തുറക്കണമെന്ന നിബന്ധനയിന്മേൽ ആണ് തീരുമാനം. പാക് ശ്രമഫലമായാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം.
നേരത്തെ, ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
“മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു’.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഒറ്റ രാത്രിക്കൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കുമെന്നായിരുന്നു ട്രംപിന്റെ ഇന്നലത്തെ ഭീഷണി. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും തങ്ങളെ ഇല്ലാതാക്കാനായിട്ടില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. ട്രംപ് മനോരോഗിയാണെന്നും ആക്ഷേപിച്ചു. അവർ വിട്ടുവീഴ്ച്ചയ്ക്ക് തയാറാണെങ്കിൽ ഞങ്ങൾ തയ്യാറാണെന്നും ഇറാൻ അറിയിച്ചു. അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ ബഹ്റൈൻ കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.
SUMMARY: Trump backs off on attacking Iran; demands Hormuz be opened















