വാഷിങ്ടന്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഏപ്രില്‍ ആറു വരെ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും തന്റെ ട്രൂത്ത് സോഷ്യല്‍ പേജില്‍ ട്രംപ് കുറിച്ചു.’ഇറാന് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റിന് നേരെയുള്ള ആക്രമണം നാല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടക്കുന്നു…വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു’, ട്രംപ് കുറിച്ചു.
ഏഴ് ദിവസത്തേക്ക് ആക്രമണം നിര്‍ത്താനാണ് ഇറാന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ അത് പത്ത് ദിവസമായി നീട്ടുകയായിരുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ പിരിക്കാനുള്ള നിയമനിര്‍മാണത്തിന് ഇറാന് പാര്‍ലമെന്റ് തുടക്കമിട്ടു. മേഖലയുടെ സുരക്ഷ തങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ ടോള്‍ ഈടാക്കുന്നത് സ്വാഭാവികമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന് വഴി അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന് പകരം അഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.
SUMMARY: Trump extends temporary ceasefire, says no attacks on Iranian power plants for 10 days
















