ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൂര്യനെല്ലി സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുള്ള പ്രദേശമായ ചിന്നക്കനാലില്‍ കഴിഞ്ഞ കാലങ്ങളിലായി വന്യജീവി ആക്രമണങ്ങള്‍ പതിവാകുകയാണ്.
ഏറ്റവും പുതിയ സംഭവത്തോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി. മെയ് 24നു പെരുമ്പാവൂരില്‍ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചറായ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ (45) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വയനാട് മേപ്പാടിയില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ജെസി(45)യെ കാട്ടാന നടുറോഡില്‍വച്ച് ചവിട്ടിക്കൊന്നു.
കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ പേണുവില്‍ രാജേഷ് (45) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതും വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ പതിവായി ഇറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരെയും വനാതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാരെയും ഭീതിയിലാഴ്ത്തുകയാണ്.
SUMMARY: Wild elephant takes life again in Idukki; woman dies tragically
















