ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതന്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. എലി വിഷം കഴിച്ചാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്ചയായിരുന്നു ബണ്ട്വാളിലെ ബി സി റോഡിലുള്ള കെ എസ് ആര്‍ ടി സി പുതിയ ബസ് സ്റ്റാന്‍ഡില്‍ചെച്ച് അരുംകൊല നടന്നത്. സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയും കക്കേപദവ് സ്വദേശിയുമായ ലാവണ്യ(21)യാണ് കൊല്ലപ്പെട്ടത്. ബണ്ട്വാളിലെ കര്‍ണാടക ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു യുവതി. ഈ സമയം പ്രതി ചേതന്‍ അവിടേയ്ക്ക് എത്തുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
ലാവണ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് പലതവണ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാര്‍ന്ന് കിടന്നിരുന്ന ലാവണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലാവണ്യയുടെ അകന്ന ബന്ധുവാണ് കര്‍ണാടകയിലെ ഒഡില്‍നാല സ്വദേശിയായ ചേതന്‍ എന്നാണ് ലഭിക്കുന്ന വിവരം. ലാവണ്യയോട് ഇയാള്‍ പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ലാവണ്യ അതെല്ലാം നിരസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍.
SUMMARY: Woman hacked to death in Mangaluru; Accused tried to commit suicide
















