ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും, നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. സോമന്‍ കടലൂര്‍ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസ ജീവിതത്തില്‍ മലയാളി സ്വാഭാവികമായും അനുഭവിക്കുന്ന സ്വത്വപരമായ സംഘര്‍ഷങ്ങളുടെ പരിഹാരമെന്ന നിലയിലാണ് സാഹിത്യപരമായ ആവിഷ്‌കാരങ്ങള്‍ ഉണ്ടായിത്തീരുന്നത്.സ്വന്തം ഭാഷയില്‍ നിന്നും അനുഭവ പരിസരങ്ങളില്‍ നിന്നും അകന്നു കഴിയുന്നവരില്‍ ഉണ്ടാകുന്ന ആത്മാന്വേഷണത്തിന്റെ സവിശേഷമായ ഒരു ഇടമാണ് സാഹിത്യരചന. എത്തിപ്പെടുന്ന ദേശത്തിന്റെ ഭാഷയിലെ സാഹിത്യകൃതികളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുകയോ നമ്മുടെ സാഹിത്യത്തെ മറുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും പ്രവാസജീവിതം സാഹിത്യലോകത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നത്.
ജലത്തിനു മുകളില്‍ എത്തിനോക്കുന്ന മത്സ്യത്തെ പോലെ സ്വന്തം സാമൂഹ്യഘടനയില്‍ നിന്ന് പുറത്തു നില്‍ക്കുമ്പോഴാണ് മനുഷ്യനില്‍ ആത്മാന്വേഷണത്തിന്റെ സംഘര്‍ഷം കടന്നുവരുന്നത്. മാര്‍ക്വെസിന്റെ കൃതികളില്‍ കൊളംബിയയില്‍ നിന്ന് സ്‌പെയിനില്‍ എത്തിപ്പെട്ടു പോകുന്ന മനുഷ്യരുടെ ആത്മാന്വേഷണത്തിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ ഉണ്ട്.
മലയാള സാഹിത്യത്തില്‍ പ്രവാസ ജീവിതത്തിന്റെ ആവിഷ്‌കരണങ്ങളുടെ വിപുലമായ അടയാളപ്പെടുത്തലുകള്‍ ഉണ്ടെന്നും എന്നാല്‍ ഇന്ത്യയ്ക്കകത്തുള്ള മറ്റു ഭാഷകളില്‍ നിന്നുള്ള ശ്രദ്ധേയമായ സാഹിത്യത്തെ കണ്ടെടുക്കുവാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. കെ.ആര്‍. കിഷോര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ആര്‍. വി. ആചാരി, ബി.എസ്. ഉണ്ണികൃഷ്ണന്‍, സുദേവ് പുത്തന്‍ചിറ, എസ്.കെ. നായര്‍, ലത നമ്പൂതിരി, സഞ്ജീവ്, പുഷ്പ കാനാട്, ജി. ജോയ്, ജാഷിര്‍ കെ. വി, സന്തോഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ശാന്തകുമാര്‍ എലപ്പുള്ളി സ്വാഗതവും, ജോയിന്റ് സെക്രട്ടറി സിന കെ. എസ് നന്ദിയും പറഞ്ഞു.
SUMMARY: Writers Forum Literary Discussion