കേരളത്തില്‍ സൂര്യാഘാതമേറ്റ് ഒരാൾകൂടി മരിച്ചു. ആലപ്പുഴ ചെട്ടികാട് പുത്തൻപുരക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുഭാഷിന് ഹൃദയാഘാതവുമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.
സൂര്യാഘാതമേറ്റ് ശനിയാഴ്ച പാലക്കാടും മരണം സംഭവിച്ചിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. 90 വയസായിരുന്നു പ്രായം. വീടിന് സമീപത്തുള്ള കനാലിൽ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം മരണ കാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി യു.എം. വിശ്വനാഥനും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
ഇടുക്കി കാളിയാറിൽ വഴിത്തർക്കത്തിനിടെ റോഡിൽ വീണുപോയ ഗൃഹനാഥൻ മരിച്ചതും സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തൻപുരയ്‌ക്കൽ സുരേന്ദ്രൻ (73) ആണ് സൂര്യാഘാതം മൂലം മരിച്ചത്. ഈ മാസം 10ന് ആയിരുന്നു സംഭവം. റോഡിൽ 2 മണിക്കൂറിലേറെ വീണുകിടന്ന സുരേന്ദ്രനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.