ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു വദിച്ച് ദേശീയ മെഡിക്കൽ കമീഷൻ. ഇതോടെ രാജ്യത്തെ 836 മെഡിക്കൽ കോളജുകളിലായി ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു.
445 സർക്കാർ മെഡിക്കൽ കോളജുകളിലായി 2,786 സീറ്റുകൾ വർധിപ്പിച്ച് ആകെ സർക്കാർ സീറ്റുകൾ 63,971 ആയി. 391 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 10,400 സീറ്റുകൾ വർധിച്ച് ആകെ സ്വകാര്യ സീറ്റുകൾ 76,243 ആയി മാറിയതായും എൻ.എം.സിയുടെ സീറ്റ് മാട്രിക്സിൽ പറയുന്നു.
പുതിയ സീറ്റുകളുടെ എണ്ണത്തിൽ കർണാടകയാണ് മുന്നിൽ. 1,650 സീറ്റുകളാണ് കർണാടകയിൽ വർധിച്ചത്. 76 മെഡിക്കൽ കോളജുകളിലായി 15,745 സീറ്റുകളുണ്ട് നിലവിൽ കർണാടകയിൽ. 1,250 പുതിയ സീറ്റുകളുമായി തമിഴ്‌നാടും (ആകെ 14,299 സീറ്റുകൾ), 1,240 സീറ്റുകൾ വർധിപ്പിച്ച് ബിഹാറും, 1,200 സീറ്റുകൾ വർധിപ്പിച്ച് ഉത്തർപ്രദേശമാണ് തൊട്ടു പിന്നിൽ.
കേരളത്തിലും എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. സംസ്ഥാനത്ത് 300 പുതിയ എം.ബി.ബി.എസ് സീറ്റുകളാണ് അനുവദിച്ചത്. പുതിയ സീറ്റുകളിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ കോളജുകളിലാണ്.
രാജ്യത്താകമാനം മെഡിക്കൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സീറ്റുകൾ അനുവദിച്ചത്. മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപക സംവിധാനങ്ങളും വിലയിരുത്തിയ ശേഷമാണ് സീറ്റ് വർധനയ്ക്ക് അനുമതി നൽകിയത്.
കേരളത്തിൽ പുതിയ സീറ്റുകൾ ലഭിച്ചതോടെ മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. എന്നാൽ, പുതിയ സീറ്റുകളുടെ വലിയൊരു പങ്കും സ്വകാര്യ മേഖലയിലായതിനാൽ ഫീസ് ഘടനയും സാമ്പത്തിക ബാധ്യതയും വിദ്യാർഥികൾക്ക് പ്രധാന പരിഗണനയാകും.
രാജ്യത്ത് മെഡിക്കൽ സീറ്റുകളുടെ എണ്ണം തുടർച്ചയായി വർധിക്കുന്നത് ഡോക്ടർമാരുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യരംഗത്തെ മാനവവിഭവശേഷിയുടെ കുറവ് പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.















