ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങൾ ഐക്യകണ്‌ഠേന പാസാക്കി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ബ്രിക്സ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ കടന്നു കയറരുത് എന്ന് ആരുടെയും പേര് എടുത്തു പറയാതെയാണ് പ്രസ്താവന.
യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഇറാൻ – യുഎഇ ചർച്ചകൾക്കും ഡൽഹി വേദിയായി. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് അംഗ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എന്നിലും സുരക്ഷാ കൗൺസിലിലും പങ്കാളിത്തം വർധിപ്പിക്കണമെന്ന ബ്രസീലിന്റെയും ഇന്ത്യയുടെയും താൽപര്യങ്ങൾക്ക് സമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചു. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കണമെന്ന് സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
പഹൽഗാം ആക്രമണത്തെ അപലപിച്ച ബ്രിക്സ് രാജ്യങ്ങൾ എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുക്കും എന്ന് വ്യക്തമാക്കി. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാവണം. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇടപെടൽ ബ്രിക്സ് കൂട്ടായ്മ നടത്തണം എന്ന് അടുത്ത അധ്യക്ഷ പദവി ഏറ്റെടുത്ത് ചൈനീസ് പ്രസിഡൻറ് ഷീ ചിൻപിങ് ആവശ്യപ്പെട്ടു.
ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ രണ്ടുദിവസങ്ങളിലായാണ് നടക്കുന്നത്. ഉച്ചകോടിയുടെ ആദ്യ ദിവസമായ ശനിയാഴ്ചത്തെ ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം അംഗീകരിച്ച വിവരം അറിയിച്ചത്. എല്ലാ അംഗരാജ്യങ്ങളുടെയും സമവായത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ബ്രിക്സ് എന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
SUMMARY: West Asia conflict must end; local currencies should replace the dollar: BRICS issues joint declaration.
















