ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം ആവശ്യപ്പെട്ടു. നിലവിൽ ഈ മാസം 30 വരെയാണ് പ്രീമിയം പുതുക്കാനുള്ള അവസാന തീയതി.
ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ചത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിൽ, ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ പ്രതിഷേധിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പഠിക്കാനായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, പ്രീമിയം തുകയിൽ ചരക്കു സേവന നികുതി (ജി.എസ്.ടി) ഇളവ് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് നോർക്ക അധികൃതർ സംഘടനകളെ അറിയിച്ചിട്ടുമുണ്ട്.
വിദഗ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രീമിയം നിരക്കുകളിൽ അന്തിമ തീരുമാനമെടുക്കുക. ഈ സാഹചര്യത്തിൽ, സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ഇൻഷുറൻസ് പുതുക്കാനുള്ള സമയപരിധിയും നീട്ടി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നോർക്ക അധികൃതരുടെ പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും, പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബെംഗളൂരു മലയാളി ഫോറം പ്രസിഡന്റ് പി.ജെ. ജോജോ അറിയിച്ചു.
SUMMARY: NORKA Care Insurance: Bengaluru Malayali Forum Seeks Extension of Deadline for Premium Ren
ewal















