കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി. ഹാഷിഷ് ഓയില്‍ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തുവാണ് തടവുകാരനില്‍ നിന്ന് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് സിം കാർഡ്, മൊബൈല്‍ ഫോണ്‍, ബാറ്ററി, ചാർജർ എന്നിവ പിടിച്ചെടുത്തത്.
ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും തുടർച്ചയായി കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ മാസം മാത്രം നാലു തവണയാണ് ജയിലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഇവ ജയിലിനുള്ളില്‍ എങ്ങനെ എത്തുന്നുവെന്നോ ആരാണ് എത്തിക്കുന്നതെന്നോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ സിം കാർഡും ബാറ്ററിയും ചാർജറും ഉള്‍പ്പെടെയുള്ള ഫോണാണ് കണ്ടെത്തിയത്. ഇതിന് പുറമെ, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തു തടവുകാരനില്‍ നിന്ന് പിടിച്ചെടുത്തത്.
തടവുകാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയത്. ഇതിലെ വസ്തു ഹാഷിഷ് ഓയില്‍ ആണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
SUMMARY: Mobile phones and contraband substances seized once again at Kannur Central Jail
















