താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവധി ദിനമായതിനാല്‍ ഇന്നലെ രാവിലെ ഗുണ്ടല്‍പേട്ട, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികള്‍ രാത്രിയോടെ കൂട്ടത്തോടെ തിരിച്ചെത്തിയതും, രാത്രികാലങ്ങളില്‍ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതുമാണ് പ്രധാനമായും കുരുക്കിന് കാരണമായത്.
ഇതിനുപുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ നടക്കുന്ന വീതികൂട്ടല്‍ പ്രവൃത്തികള്‍ മൂലമുള്ള തടസ്സങ്ങളും പ്രതിസന്ധി ഇരട്ടിയാക്കി. ഇന്ന് രാവിലെയും ഗുണ്ടല്‍പേട്ട, വയനാട് ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വാഹനങ്ങള്‍ കൂടുതലായി എത്തിയതോടെ ചുരത്തില്‍ കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.
അർദ്ധരാത്രിയില്‍ രൂപപ്പെട്ട കനത്ത ബ്ലോക്കില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലൻസുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളമാണ് വഴിയില്‍ കുടുങ്ങിയത്. ഗതാഗതക്കുരുക്കിനിടയിലും ക്ഷമയില്ലാതെ ചില ഡ്രൈവർമാർ വരി തെറ്റിച്ച് റോങ് സൈഡിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.
ഇത്തരം സന്ദർഭങ്ങളില്‍ ഡ്രൈവർമാർ കൃത്യമായ വരിപാലനവും സാമാന്യ മര്യാദയും കാണിച്ച് കുരുക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്ന് നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, അച്ചടക്കമില്ലാത്ത ഡ്രൈവിംഗ് മൂലം മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിയില്‍ ദുരിതത്തിലാകുന്ന കാഴ്ചയാണ് ചുരത്തില്‍ ഇപ്പോഴും കാണുന്നത്.
SUMMARY: Severe traffic congestion on the Thamarassery Ghat Road















