ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ നിന്ന് നേരിട്ടെത്തിക്കുന്ന ചേന, ചേമ്പ്, വാഴക്കായ്, പടവലം, കുമ്പളങ്ങ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ, നാടൻ നേന്ത്രക്കായ വറുത്തത്, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ, പപ്പടം, അടപ്രഥമൻ, പാൽപ്പായസം എന്നിവയ്ക്ക് ആവശ്യമായ അട, ശർക്കര, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയു ടെ കോമ്പോ പാക്കുകൾ, മട്ടയരി, വെളിച്ചെണ്ണ, , നാടൻ മസാലക്കൂട്ടുകൾ എന്നിവയുടെ ഓണച്ചന്തകളില്‍ ലഭ്യമാക്കുന്നുണ്ട്.
കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിലെ ഓണച്ചന്ത കെ.ആർ. പുരം എം.എൽ.എ. ബസവരാജും എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂ (സി.ബി.എസ്.ഇ.)ളിലെ ഓണച്ചന്ത കോലാർ എം.എൽ.എ. കൊത്തൂർ ജി. മഞ്ജുനാഥ്, സോഷ്യൽ വർക്കർ കൃഷ്ണമൂർത്തി എന്നിവരും ഉദ്ഘാടനം ചെയ്തു. സമാജം ഭാരവാഹികൾ, സോണൽ സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ, വനിതാ വിഭാഗം, യുവജനവിഭാഗം ഭാരവാഹികൾ, പ്രവർത്തകർ, ഓണച്ചന്ത കൺവീനർമാർ,
ജോയന്റ് കൺവീനർമാർ, മുൻ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. മാർക്കറ്റ് നിരക്കിനെക്കാൾ കുറഞ്ഞ വിലക്കാണ് ചന്തയിൽ നേന്ത്രപ്പഴം, പലതരം ചിപ്‌സുകൾ എന്നിവ വിൽക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഓണച്ചന്തകൾ ഓഗസ്റ്റ് 25 വരെ പ്രവര്‍ത്തിക്കും.
ഹൊസൂർ കൈരളി സമാജം ഓണച്ചന്തയുടെ വിപണന ഉദ്ഘാടനം ഓണച്ചന്ത ചെയർമാൻ ഹാലി ജോസൻ എന്‍വി നാരായണൻ കുട്ടിക്ക് വാഴക്കുല നൽകി നിർവ്വഹിക്കുന്നു, സമാജം പ്രസിഡന്റ്, സി. ഗണേശൻ, ജനറൽ സെക്രട്ടറി മാത്യു തോമസ്, ഹോണററി പ്രസിഡന്റ് എ. രവീന്ദ്രൻ, മറ്റ് സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഹൊസൂർ രാജഭോജനം ഹോട്ടൽ കെട്ടിടത്തിലാണ് ഓണച്ചന്ത ഈ വർഷം പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്ന് കൊണ്ടുവന്ന ഗുണ മേന്മയുള്ള നാടൻ ഉത്പന്നങ്ങളും നാടൻ വസ്ത്രങ്ങളും നാലു ദിവസം നീണ്ടു നിൽക്കുന്ന വിപണന മേളയിൽ ഇടം പിടിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ചന്ത പ്രവർത്തിക്കുന്നതാണെന്ന് ചെയർമാൻ ഹാലി ജോസൻ അറിയിച്ചു.

















