ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ ഉപയോഗിച്ച് തയ്യാറാക്കുന്ന ‘അനലോഗ് പനീർ’ പനീർ എന്ന പേരിൽ വിൽക്കുന്നതിന് കർണാടകയിൽ ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി.
സംസ്ഥാന ഭക്ഷ്യസുരക്ഷാ-മരുന്ന് ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇത്തരം പനീർ നിർമ്മിക്കുക, സൂക്ഷിക്കുക, കൊണ്ടുപോകുക, വിതരണം ചെയ്യുക, വിൽക്കുക എന്നിവയ്ക്കാണ് വിലക്ക്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം പനീർ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. യഥാർഥ പനീർ പാലിൽ നിന്നാണ് തയ്യാറാക്കേണ്ടതെന്നും പാൽ കൊഴുപ്പിന് പകരം സസ്യ എണ്ണയോ സസ്യ കൊഴുപ്പോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നത്തെ ‘പനീർ’ എന്ന് വിളിക്കാനാകില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് നടത്തിയ പരിശോധനകളിൽ പനീറിൽ സസ്യ എണ്ണ കലർത്തിയതായി കണ്ടെത്തിയിട്ടില്ലെങ്കിലും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പ്രത്യേകം നിലവാര മാനദണ്ഡങ്ങളുള്ള ഫ്രോസൺ ഡെസേർട്ട്, പ്രോസസ്ഡ് ചീസ്, മിക്സ്ഡ് ഫാറ്റ് സ്പ്രെഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.
















