ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അല്‍വാർപേട്ടിലെ കാവേരി ആശുപത്രിയില്‍ സൗകാർ ജാനകിയെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ഓഗസ്റ്റ് 19നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം പുറത്തുവന്നത്. ചെന്നൈയിലെ തേനാംപേട്ടിലെ സെന്റാഫ് റോഡില്‍ വൈകിട്ട് അഞ്ചുമണി മുതല്‍ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുമെന്ന് നടികർ സംഘം അറിയിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സൗക്കാർ ജാനകി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഏകദേശം 400 സിനിമകളില്‍ അഭിനയിച്ച അവർ നിരവധി നാടകങ്ങളിലും വേദികളിലും സജീവമായിരുന്നു. സൂര്യമാനസം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 2022ല്‍ ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേന്ദ്രസർക്കാർ സൗക്കാർ ജാനകിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
SUMMARY: Renowned film actress Sowcar Janaki has passed away
















