തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. പോലീസിലെയും ഇന്റലിജൻസിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വിജിലൻസിലും ഈ മാറ്റം. വിവരാവകാശ നിയമത്തില്‍നിന്ന് സുരക്ഷാ – രഹസ്യാന്വേഷണ ഏജൻസികളെ ഒഴിവാക്കാൻ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി.
വിവരാവകാശ പരിധിയില്‍നിന്ന് വിജിലൻസിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (T2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് പുറത്താക്കിയിട്ടുള്ളത്. വിജിലൻസിലെ മിനിസ്റ്റീരിയല്‍, എക്സിക്യൂട്ടീവ്, ലീഗല്‍ ഉദ്യോഗസ്ഥരുടെ വാർഷിക രഹസ്യ റിപ്പോർട്ടുകള്‍, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകള്‍, അതീവ രഹസ്യസ്വഭാവമുള്ള ടോപ്പ് സീക്രട്ട് രേഖകള്‍ എന്നിവ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ടി1 സെക്ഷനാണ്.
വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികള്‍ പ്രോസസ്സ് ചെയ്യല്‍, നിർണായകമായ സോഴ്സ് റിപ്പോർട്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് ടി2 സെക്ഷനാണ്. അതേസമയം, 2005-ലെ വിവരാവകാശ നിയമപ്രകാരം വിജിലൻസിന്റെ ഈ രഹസ്യവിഭാഗങ്ങളെ തുടക്കത്തില്‍ ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍, പിന്നീട് 2022-ല്‍ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ആ തീരുമാനമാണ് ഇപ്പോള്‍ വീണ്ടും തിരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഒക്ടോബർ 22-നാണ് പുറത്തിറങ്ങിയത്. വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഹസ്യവിഭാഗങ്ങളെ വീണ്ടും വിവരാവകാശ പരിധിക്ക് പുറത്താക്കിയതെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍, സ്വാഭാവികമായ ഭരണനടപടികളുടെ ഭാഗമായാണ് വിജ്ഞാപനം പുറത്തിറക്കിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
SUMMARY: Vigilance confidential information now outside the scope of the Right to Information Act; government issues notification
















